Tuesday, June 29, 2010

വിദ്യാഭ്യാസരംഗത്തെ പുതിയ അദ്ധ്യായങ്ങള്‍

മുസ്ളീംലീഗ് നേതാവ് സി.എച്ച്. മുഹമ്മദ്കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയി. അവിടത്തെ ഒരു ഭരണാധികാരിയുമായി സംസാരിച്ച് പിരിയുമ്പോള്‍ അദ്ദേഹം സി.എച്ചിനോട് ഒരു ശുപാര്‍ശ പറഞ്ഞു. മലപ്പുറത്തു ജോലി ചെയ്യുന്ന ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികയ്ക്കു കോട്ടയത്തേക്കു ഒരു സ്ഥലം മാറ്റം അനുവദിക്കണമത്രേ! സി.എച്ച്. അത് സമ്മതിച്ച് പോന്നു എന്നാണ് കഥ. സ്‌കൂള്‍ള്‍ അധ്യാപകരുടെ സ്ഥലംമാറ്റത്തിനു ശക്തമായ സ്വാധീനമുണ്ടെങ്കിലേ നടക്കു എന്ന് വ്യക്തമാക്കാന്‍ തട്ടിക്കൂട്ടിയതാകാം ഈ കഥ. കഥ എന്തായാലും മന്ത്രിമാരുടെ ഇടപെടലും സ്വാധീനവും ഉണ്ടെങ്കിലേ അധ്യാപകരുടെ സ്ഥലംമാറ്റങ്ങള്‍ നടക്കൂ എന്ന സ്ഥിതിയുണ്ടായിരുന്നു. സീനിയോറിറ്റി മറികടന്നുള്ള അധ്യാപക സ്ഥലം മാറ്റങ്ങളെ 'സ്‌പെഷല്‍ ഓര്‍ഡര്‍' സ്ഥലമാറ്റങ്ങള്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഒരു തത്വവുമില്ലാതെ അഴിമതി നിറഞ്ഞ സ്‌പെഷല്‍ ഓര്‍ഡര്‍ സ്ഥലംമാറ്റങ്ങള്‍ കൂടിയത് ടി.എം. ജേക്കബ്ബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന ഘട്ടത്തിലാണ്. അത് തിരുത്തിക്കാന്‍ അധ്യാപക നേതാവായിരുന്ന ആര്‍.എന്‍. മനഴിക്കു പത്തൊന്‍പത് ദിവസം നിരാഹാരസമരം നടത്തേണ്ടിവന്നു. അധ്യാപക സ്ഥലംമാറ്റങ്ങള്‍ക്കും സ്‌പെഷല്‍ ഓര്‍ഡര്‍ സ്ഥലംമാറ്റങ്ങള്‍ക്കും ചില മാനദണ്ഡങ്ങള്‍ ഉണ്ടായത് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായപ്പോഴാണ്.

സഹതാപാര്‍ഹരായവര്‍ക്ക് ചില പരിതഃസ്ഥിതികളില്‍ നിശ്ചിതശതമാനം സ്ഥലംമാറ്റം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതിലും വെളളം ചേര്‍ത്ത് മന്ത്രി ആഫീസില്‍ നിന്ന് ഡി.ഡി. മാരെ വിളിച്ചുപറഞ്ഞ് അധ്യാപക സ്ഥലംമാറ്റങ്ങളെ വീണ്ടും കച്ചവടമാക്കിയിരുന്നു. യു.ഡി.എഫ്. ഭരണത്തില്‍ കരുണാകരന്‍ മുഖ്യമന്തിയായിരുന്നപ്പോള്‍ നേരിട്ടു സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയ്‌ക്ക് കൈകൂലി നല്‍കാന്‍ ശ്രമിച്ച് ഒരധ്യാപിക പോലീസ് പിടിയില്‍ പോലുമായി! മന്ത്രിമാര്‍ മാത്രമല്ല ചില ഡി.ഡി.ഇ.മാരും അധ്യാപക സ്ഥലംമാറ്റത്തിനു 'മാലയും വളയും' സമ്മാനമായി വാങ്ങിയിരുന്നുവെന്ന് മലയാള മനോരമ പരമ്പരകള്‍ പോലുമെഴുതി. പലതരത്തിലുളള അഴിമതികളും അധ്യാപക സ്ഥലംമാറ്റങ്ങളില്‍ നിലനിന്നിരുന്നു. ഇങ്ങനെ അദ്ധ്യാപക സ്ഥലം മാറ്റങ്ങളും, പ്രമോഷന്‍ സ്ഥലമാറ്റങ്ങളും കച്ചവടമാക്കിയിരുന്ന നാട്ടിലാണ് ഈ വര്‍ഷം അധ്യാപകസ്ഥലമാറ്റങ്ങളും പ്രമോഷനുകളും ഏറ്റവും സുതാര്യമായി, ജനാധിപത്യപരമായി, ബാഹ്യ ഇടപെടലുകളില്ലാതെ, ഡി.ഡി.ഇ. മാര്‍ക്കും, മന്ത്രിമാര്‍ക്കുപോലും ഇടപെടാന്‍ അവസരമില്ലാതെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ മാത്രംനടത്തിയിരിക്കുന്നു. ഇതെല്ലാം സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് വിദ്യാഭ്യാസവകുപ്പ് വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നു! ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിക്കലും സ്ഥലംമാറ്റം നല്‍കലും കഴിഞ്ഞ അദ്ധ്യയനവര്‍ഷം പരീക്ഷിച്ചിരുന്നു. മുന്‍പരിചയമില്ലാത്തതിനാലും കേന്ദ്രീകരിച്ച് നടത്തിയതുകൊണ്ടും ചില പിശകുകള്‍ കഴിഞ്ഞ വര്‍ഷമുണ്ടായി.

ഈ വര്‍ഷം പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററിതലം വരെയുള്ള ആയിരക്കണക്കിനധ്യാപകരുടെ കാറ്റഗറി തിരിച്ചുളള സ്ഥലംമാറ്റങ്ങള്‍ അദ്ധ്യയനവര്‍ഷത്തിനു തൊട്ടുമുമ്പ് കുറ്റമറ്റ രീതിയില്‍ ആക്ഷേപങ്ങളേതുമില്ലാതെ നടത്തിത്തീര്‍ക്കാന്‍ കഴിഞ്ഞത് വിദ്യാഭ്യാസ വകുപ്പിലെ വിപ്ളവം തന്നെയാണ്. സഹതാപാര്‍ഹരായവരുടെ (കാമ്പഷണേറ്റ്) സ്ഥലംമാറ്റങ്ങളുടെ അപേക്ഷ പ്രത്യേക ബോര്‍ഡിന്റെ ശുപാര്‍ശകളോടുകൂടി നടത്തിയതും പുതുമയുള്ള കാര്യമാണ്. മന്ത്രിമാരുടെയോ, വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിന്റെയോ ശുപാര്‍ശകളില്ലാതെ, അഴിമതിയോ, സ്വജനപക്ഷപാതമോ ഇല്ലാതെ, അര്‍ഹത മാത്രം അടിസ്ഥാനപ്പെടുത്തി നടത്തിയ സ്ഥലംമാറ്റങ്ങള്‍ സാമൂഹ്യനീതി ഉറപ്പു വരുത്തിയതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. അധ്യാപക സ്ഥലമാറ്റത്തിലും എ-പ്ളസ് ഗ്രേഡ് വിദ്യാഭ്യാസവകുപ്പ് നേടിയിരിക്കുന്നു. വിദ്യാഭ്യാസവകുപ്പിലെ ഏതു കാര്യത്തിലും വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അധ്യാപക സ്ഥലമാറ്റക്കാര്യത്തിലുണ്ടായ ഈ നല്ല മാറ്റത്തെ കാണാന്‍ കഴിഞ്ഞില്ല.

വിദ്യാഭ്യാസരംഗത്ത് സാമൂഹിക നീതി ഉറപ്പു വരുത്തിയതിന്റെ മറ്റൊരു നല്ല മാതൃകയായിരുന്നു ഹയര്‍ സെക്കണ്ടറിയിലെ ഏകജാലക പ്രവേശനം. ഓണ്‍ലൈന്‍ വഴിയുളള അപേക്ഷ സമര്‍പ്പണത്തെയും അലോട്ട്മെന്റുകളെയും അട്ടിമറിക്കാന്‍ ആരംഭം മുതല്‍ വിതണ്ഡവാദങ്ങള്‍ ഉന്നയിച്ചവര്‍ ഇപ്പോള്‍ നിശബ്‌ദരാണ്. മാത്രമല്ല സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങളില്‍ ഇന്‍ഡ്യയിലെ ഏറ്റവും മികച്ച മാതൃകയായി ഹയര്‍സെക്കണ്ടറി ഏകജാലക പ്രവേശനം അംഗീകാരം നേടിയിരിക്കുന്നു. അര്‍ഹരായ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക വിഭാഗം വിദ്യാര്‍ത്ഥികളുടെ അവസരം കവര്‍ന്നെടുത്ത് അനര്‍ഹരെ തിരുകി കയറ്റുന്ന രീതി അവസാനിപ്പിക്കാന്‍ ഇതുമൂലം കഴിഞ്ഞു. സാമൂഹ്യനീതി ഉറപ്പു വരുത്തുന്നതിന്റെ മറ്റൊരുദാഹരണമാണിത്. ഏകജാലക പ്രവേശനം സര്‍വ്വസമ്മതി നേടിയത് വിദ്യാഭ്യാസവകുപ്പിന്റെ മികച്ച നേട്ടമായി ചരിത്രം രേഖപ്പെടുത്തും.

കേരളത്തിലെ പാഠപുസ്‌തകങ്ങളുടെ അച്ചടിയും വിതരണവും വിദ്യാഭ്യാസവകുപ്പിന് എന്നും തലവേദനയായിരുന്നു. ഒട്ടേറെ വകുപ്പുകളുടെ നിസ്‌തന്ത്രവും നിരന്തരവുമായ ഇടപെടലുകളും സഹകരണവും ഉണ്ടെങ്കിലേ പാഠപുസ്‌തകങ്ങളുടെ അച്ചടിയും വിതരണവും കൃത്യമായി നടക്കൂ. ഏതെങ്കിലുമൊരു കണ്ണിയില്‍ പിഴവു പറ്റിയാല്‍ അച്ചടിയും വിതരണവും താളം തെറ്റും. ഇതിന്റെ ഫലമനുഭവിക്കുന്നത് വിദ്യാര്‍ത്ഥികളാണ്. സമയത്തിനു പേപ്പര്‍ കിട്ടായ്‌ക, അച്ചടി വൈകല്‍, പാഴ്‌സല്‍ ലോറിക്കാരുടെ അനാസ്ഥ, ഡിപ്പോയിലെ സ്ഥലപരിമിതി, വിതരണത്തിലെ അപാകത തുടങ്ങി നിരവധി കാരണങ്ങളാല്‍ അക്കാദമിക് വര്‍ഷം മുഴുവന്‍ പാഠപുസ്‌തകങ്ങള്‍ ലഭിക്കാതെ പഠനം നടത്തേണ്ടി വന്നിട്ടുണ്ട്. എവിടെയാണ് കുഴപ്പം പറ്റിയതെന്നു കണ്ടുപിടിക്കാന്‍ മാസങ്ങളെടുക്കും. എന്നാല്‍ ഈ വര്‍ഷം പാഠപുസ്‌തക നിര്‍മ്മാണത്തിലും വിതരണത്തിലും കൈവരിച്ച അസുയാവാഹമായ വിജയം ആരേയും അമ്പരിപ്പിക്കും. പോസ്‌റ്റല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ സഹകരണത്തോടെ നടത്തിയ വിതരണസമ്പ്രദായം വിജയം കൈവരിച്ചിരിക്കുന്നു. വിദ്യാലയങ്ങള്‍ നേരിട്ട് നൽ‌കിയ ഇന്റന്റ് അനുസരിച്ച് വിദ്യാലയങ്ങളില്‍ നേരിട്ടു പാഠപുസ്‌തകങ്ങള്‍ എത്തിക്കുന്ന രീതി അത്ഭൂതത്തോടെ മാത്രമേ കാണാന്‍ കഴിയൂ. 'ടെൿസ്‌റ്റ് ഡിപ്പോകള്‍ പൂട്ടി', 'ജീവനക്കാരുടെ പണിപോയി' തുടങ്ങി ചില അലോസര ശബ്‌ദങ്ങള്‍ ആദ്യമുണ്ടായെങ്കിലും വിതരണം കാര്യക്ഷമമായി എന്നു സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. മാത്രവുമല്ല, ഇന്റന്റ് നൽ‌കാത്ത വിദ്യാലയങ്ങളേയും ക്രോഢീകരിച്ച് നൽ‌കുന്നതില്‍ വീഴ്ച വരുത്തിയ (ചിലര്‍ക്ക് അറിയാത്തതുകൊണ്ട്) ഡി.ഇ.ഒ. മാരെയും കയ്യോടെ പിടികൂടി ഉടന്‍ പരിഹാരം കണ്ടെത്തിയതും വിദ്യാഭ്യാസവകുപ്പിന്റെ വിജയഗാഥയാണ്. ഗുണമേന്മയുളള വിദ്യാഭ്യാസത്തിന് പാഠപുസ്‌തകങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് നല്‍കണമെന്ന വിദ്യാഭ്യാസമന്ത്രിയുടെ ഇച്ഛാശക്തിയാണിവിടെ വിജയം കണ്ടത്. ഈ വിതരണ രീതി ഇന്‍ഡ്യയില്‍ തന്നെ ആദ്യമാണെന്നാണ് തപാല്‍ വകുപ്പ് പറയുന്നത്. പാഠപുസ്‌തകങ്ങള്‍ കിട്ടാത്തതും, ഡിപ്പോകളില്‍ കെട്ടിക്കിടക്കുന്നതും അവസാനിപ്പിച്ച് വിദ്യാഭ്യാസവകുപ്പ് പുതിയ അദ്ധ്യായം രചിച്ചിരിക്കുന്നു.

പാഠപുസ്‌തകനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടവരുടെയും, പരിശോധിച്ചവരുടെയും, മേല്‍നോട്ടം നടത്തിയവരുടെയും മേല്‍വിലാസം സഹിതം പുതിയ പാഠപുസ്‌തകങ്ങളില്‍ രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്. വിദ്യാഭ്യാസമന്ത്രിയും. വിദ്യാഭ്യാസമന്ത്രിയുടെ ആഫീസിലെ ചിലരും പരിഷത്തുകാരുമാണ് പാഠപുസ്‌തകമെഴുതുന്നതെന്ന ചിലരുടെ സ്ഥിരം പല്ലവി ഇനി മാറുമായിരിക്കും. പാഠപുസ്‌തകങ്ങളുടെ മേന്മകളും പോരായ്‌മകളും പരിശോധിക്കുന്ന സ്ഥിരം സംവിധാനമെന്ന നിലയില്‍ 'ടെൿസ്‌റ്റ് ബുക്ക് കമ്മീഷന്‍' രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതും വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധേയ നേട്ടം തന്നെ. ഇതും ഇന്‍ഡ്യയിലെ ആദ്യത്തെ സംരംഭമാണ; പുതിയ മാതൃകയാണ്.

സ്‌കൂള്‍ള്‍ പഠനത്തില്‍ ഐ.ടി. ആരംഭിച്ചത് കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ്. 'ഐ.ടി. അറ്റ് സ്‌കൂള്‍‍' എന്ന പേരും അന്ന് നൽ‌കിയതാണ്. ഐ.ടി. അധിഷ്‌ഠിത സ്‌കൂള്‍ള്‍ വിദ്യാഭ്യാസത്തിനുവേണ്ടി ഒരു രേഖയും അന്ന് തയ്യാറാക്കിയിരുന്നു. പിന്നീട് അധികാരത്തില്‍ വന്ന യു.ഡി.എഫ്. സര്‍ക്കാര്‍ ഈ രേഖയും നയവും ഉപേക്ഷിച്ച് യാതൊരു ഒരുക്കവുമില്ലാതെ, കരിക്കുലം കമ്മറ്റിയുടെ അംഗീകാരം പോലുമില്ലാതെ എട്ടാം തരത്തില്‍ ഐ.ടി. ഒരു വിഷയമായി അവതരിപ്പിക്കുകയാണ് ചെയ്‌തത്. തുടര്‍ന്ന് പത്താം തരം വരെ എത്തി. എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നതോടെ ഐ.ടി.യുടെ സഹായത്തോടെ എല്ലാ വിഷയങ്ങളും പഠിപ്പിക്കുക എന്ന പുതിയ നയം അംഗീകരിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയറിനു പ്രാമുഖ്യം നല്കി. 'വിൿടേഴ്‌സ് ' ചാനല്‍ ശക്തമാക്കി. വിഷയാധിഷ്‌ഠിത സി.ഡി.കള്‍ തയ്യാറാക്കി; വിദ്യാഭ്യാസവകുപ്പിന്റെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ പാകത്തില്‍ ഐ.ടി. അറ്റ് സ്‌കൂള്‍ളിനെശാക്തീകരിച്ചു. യു.പി. തലത്തിലേക്കു കൂടി ഐ.ടി. പഠനവും ഐ.ടി അധിഷ്‌ഠിത പഠനവും ഇപ്പോള്‍ വ്യാപിപ്പിച്ചു. മാത്രവുമല്ല. ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ നന്മകളേയും ആവാഹിക്കുന്ന 'സ്‌മാര്‍ട്ട് ക്ളാസ്സ് മുറികള്‍' സജ്ജീകരിച്ചുകൊണ്ടാണ് പുതിയ അദ്ധ്യയനവര്‍ഷം ആരംഭിച്ചത്. ഗുണമേന്മയുളള വിദ്യാഭ്യാസകേന്ദ്രങ്ങളായി നമ്മുടെ പൊതുവിദ്യാലയങ്ങളുടെ മുഖഛായ മാറുന്നു എന്നത് ആവേശകരമാണ്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്ത് സ്‌മാര്‍ട്ട്ക്ളാസ് റൂമുകള്‍ ഉണ്ടാക്കാനും, ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് സൌകര്യങ്ങള്‍ വിദ്യാലയങ്ങളില്‍ സ്ഥാപിക്കാനും 'അഞ്ജലി ടെൿനിക്കല്‍ ഹോള്‍ഡേഴ്‌സ് ‘ എന്ന സ്വകാര്യ കമ്പനിക്കു കരാര്‍ നൽ‌കാന്‍ ടെണ്ടര്‍ വിളിക്കുക വരെ ചെയ്‌തിരുന്നു. അതില്‍ നിന്നെല്ലാം വിദ്യാലയങ്ങളെ മോചിപ്പിച്ച് പൊതു ഉടമയില്‍ ഇതെല്ലാം ചെയ്‌തു എന്നത് എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവാണ്. വിദ്യാഭ്യാസ വകുപ്പിന്റെ അനുബന്ധ സ്ഥാപനമെന്ന നിലയില്‍ ഐടി അറ്റ് സ്‌കൂള്‍ളിന് അത്യാധുനിക രീതിയിലുള്ള ആസ്ഥാന മന്ദിരമുണ്ടാക്കിയതും, വിൿടേഴ്‌സിനുവേണ്ടി അത്യാധുനിക സ്റുഡിയോവും പ്രക്ഷേപണസജ്ജമായ സംവിധാനങ്ങളുണ്ടാക്കിയതും കേരളത്തില്‍ മാത്രമാണ്. ഐടി രംഗത്ത് വലിയ പുരോഗതിയുണ്ടെന്നു പറയുന്ന സംസ്ഥാനങ്ങളില്‍പോലും ഇങ്ങനെ ഒരു സംവിധാനം ഇതുവരെയുണ്ടായിട്ടില്ല.

മോഡറേഷന്‍ നൽ‌കി നാല്‍പതും അമ്പതും ശതമാനം പേര്‍ മാത്രം ജയിച്ചിരുന്ന എസ്.എസ്.എല്‍.സി. പരീക്ഷയുടെ കാലം കഴിഞ്ഞു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യവര്‍ഷങ്ങളില്‍ പരീക്ഷാഫലം മെച്ചപ്പെട്ടതിനെകുറിച്ചെന്തെല്ലാം ആക്ഷേപങ്ങളാണ് പലരും ചൊരിഞ്ഞത്! 'മൂല്യനിര്‍ണയകേന്ദ്രത്തില്‍ എല്ലാവരെയും ജയിപ്പിക്കാന്‍ അധ്യാപകര്‍ക്കു നിര്‍ദ്ദേശം നൽ‌കി,' 'നിരന്തരമൂല്യനിര്‍ണയത്തില്‍ വെളളം ചേര്‍ത്തു', 'ജയിക്കുന്നവര്‍ക്കൊന്നും അക്ഷരം എഴുതാനറിയില്ല' എന്നിങ്ങനെ ആക്ഷേപങ്ങളുടെ പരമ്പര തന്നെ എഴുതി. എന്നാലിപ്പോള്‍ പുതിയ പാഠ്യപദ്ധതിയുടെ ശാസ്‌ത്രീയ വിനിമയത്തിലൂടെ, കുറ്റമറ്റ പരീക്ഷാരീതികളിലുടെ, അണ്‍എയിഡഡ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിദ്യാലയങ്ങളുടെ ഒപ്പമെത്താന്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ക്കു കഴിയുമെന്ന വിളംബരമാണ് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷ ഫലം. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനുമുമ്പ് എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിക്കാനും അത് മണിക്കൂറുകള്‍ക്കുള്ളില്‍ കേരളമാകെ വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ കഴിഞ്ഞതും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഐതിഹാസിക അധ്യായമാണ്.

പരീക്ഷാഭവനെ സേവനകേന്ദ്രമാക്കി, വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രത്തിന് അഖിലേന്ത്യാ പ്രശസ്‌തനായ അക്കാദമിക് പണ്ഡിതന്‍ ഡോ. എം.എ. ഖാദറെ ഡയറൿടറാക്കി. സ്ഥാപനത്തെ അത്യാധുനിക രീതിയില്‍ നവീകരിച്ചു, ഡയറ്റുകളെ കാര്യക്ഷമമാക്കി. നിയമനങ്ങള്‍ എല്ലാം നടത്തി. വിദ്യാഭ്യാസ വകുപ്പിലെ വിവിധ തലങ്ങളിലുള്ള അദ്ധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കാന്‍ പാകത്തില്‍ 'സീമാറ്റി'നെ ശക്തിപ്പെടുത്തി. പൊതുവിദ്യാഭ്യാസ മേഖല മെച്ചപ്പെട്ടതിന്റെ ഏറ്റവും നല്ല തെളിവുകളാണിതെല്ലാം. പൊതുവിദ്യാസ രംഗത്തെ നന്മയുടെ വെളിച്ചം അനൌപചാരിക വിദ്യാഭ്യാസ രംഗത്തേയ്‌ക്കും വ്യാപിക്കുന്നുണ്ട്. സാക്ഷരത മിഷനെ ആജീവനാന്ത വിദ്യാഭ്യാസ ബോധവല്‍ക്കരണ പരിശീലന കേന്ദ്രമാക്കി (ലീപ്പ് ) മാറ്റുന്നതും, തുല്യത പാഠപുസ്‌തകങ്ങളുണ്ടാക്കാനും, അതിന്റെ പരിശീലനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ എസ്.സി.ഇ.ആര്‍.ടി., ഡയറ്റ് ഫാക്കല്‍റ്റികളെ നിയോഗിച്ചതും പുതിയ കര്‍മപദ്ധതികളുടെ മികച്ച ഉദാഹരണങ്ങളാണ്.

ഉച്ചഭക്ഷണപദ്ധതിയുടെ ശക്തീകരണം, കേന്ദ്രീകൃത അടുക്കള സംവിധാനം, ആഴ്‌ചയിലൊരിക്കല്‍ ഒരു കപ്പ് പാല്‍ തുടങ്ങിയവ കൂടി നടപ്പിലാക്കുന്നതോടെ പൊതുവിദ്യാലയങ്ങള്‍ ഇനിയും ആകര്‍ഷകമാകും; മെച്ചപ്പെടും. സാമൂഹ്യനന്മയ്‌ക്കുതകുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ പറ്റിയ നെറ്റ്വര്‍ക്കുളളത് പൊതുവിദ്യാലയങ്ങള്‍ തന്നെയാണെന്ന് നമ്മുടെ മുഖ്യാധാരാ മാധ്യമങ്ങള്‍ പോലും തിരിച്ചറിഞ്ഞിരിക്കുന്നു. പൊതുവിദ്യാലയങ്ങള്‍ കാലിത്തൊഴുത്തുകള്‍ ആണെന്ന് മുമ്പൊരിക്കല്‍ പരസ്യമായി ആക്ഷേപിച്ച് എഴുതിയ 'മനോരമ' റോഡപകടങ്ങള്‍ കുറയ്‌ക്കുന്നതിനുള്ള 'വഴിക്കണ്ണി'നും ഊര്‍ജ്ജസംരക്ഷണത്തിന് വിദ്യാര്‍ഥികളെ പങ്കാളികളാക്കാന്‍ ശ്രമിക്കുന്നതും പൊതുവിദ്യാലയങ്ങള്‍ വഴിതന്നെ. മാതൃഭൂമി ദിനപ്പത്രം പരിസ്ഥിതി സംരക്ഷണത്തിനുളള 'സീഡ് ' പദ്ധതിയ്‌ക്ക് തിരഞ്ഞെടുത്തതും പൊതുവിദ്യാലയങ്ങളെയാണ്. പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുകയാണെന്ന് ഇതെല്ലാം അനുദിനം തെളിയിക്കുകയാണ്.



 കടപ്പാട്-റഷീദ് കണിച്ചേരി

No comments:

Post a Comment