Saturday, June 26, 2010

സ്കൂള്‍ പ്രവേശനവും പ്രീ-പെയ്ഡ് വാര്‍ത്തകളും

ഈ വര്‍ഷത്തെ സ്കൂള്‍പ്രവേശനത്തിന്റെ കണക്കുകള്‍ പുറത്തുവന്നതോടെ മുഖ്യധാരാമാധ്യമങ്ങള്‍ ആഘോഷത്തിലാണ്. ഒരുലക്ഷത്തിപതിനയ്യായിരത്തിലധികം കുട്ടികള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍നിന്നു കൊഴിഞ്ഞുപോയി എന്നാണു മുഖ്യപ്രചാരണം. കേരളാ സിലബസ് മോശമായതുകൊണ്ട് കുട്ടികള്‍ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിലേക്കു കൂട്ടത്തോടെ മാറിയെന്നും കേരളസര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ച് കുട്ടികളും രക്ഷിതാക്കളും പൊതുവിദ്യാഭ്യാസ മേഖലയെ കൈയൊഴിഞ്ഞു എന്നുമാണ് പലരും നിരീക്ഷിക്കുന്നത്. വിദ്യാഭ്യാസക്കച്ചവടക്കാരും അവരുടെ വക്താക്കളും നടത്തുന്ന ഈ പ്രചാരണങ്ങളില്‍, ചില അധ്യാപകസംഘടനാ നേതാക്കളും പങ്കുചേരുന്നുണ്ട്. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന അത്തരക്കാരെക്കുറിച്ച് സഹതപിക്കാനേ നിവൃത്തിയുള്ളൂ.

ഈ വര്‍ഷം ഒന്നാംതരത്തില്‍ ചേര്‍ന്നത് 3,37,359 കുട്ടികളാണ്. നാലരലക്ഷം കുട്ടികള്‍ പത്താംതരം പരീക്ഷയെഴുതി. അതില്‍ 90 ശതമാനത്തിലേറെപേര്‍ വിജയിച്ച് പ്ളസ്വ പ്രവേശനം നേടിക്കൊണ്ടിരിക്കുന്നു. മലബാര്‍ മേഖലയില്‍ പത്താംതരം പാസായ കുട്ടികള്‍ക്കു പഠിക്കാന്‍ വേണ്ടത്ര ഹയര്‍സെക്കന്‍ഡറി സീറ്റുകളില്ലെന്ന പ്രശ്നം പരിഹാരഘട്ടത്തിലാണ്. പുതിയ സ്കൂളുകളും ബാച്ചുകളും അനുവദിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

നാലരലക്ഷം കുട്ടികള്‍ പത്താംതരത്തില്‍നിന്ന് പതിനൊന്നാംതരത്തിലേക്കു കടന്നുപോയപ്പോള്‍ ഒന്നാംതരത്തില്‍ വന്നുചേര്‍ന്നത് 3,37,359 കുട്ടികളാണ്. ഇതു രണ്ടും തമ്മില്‍ 1,12,641 ന്റെ വ്യത്യാസമുണ്ട്. പത്താംതരത്തില്‍നിന്ന് പതിനൊന്നാംതരത്തിലേക്കു പോയ ഈ കുട്ടികളെ കൊഴിഞ്ഞുപോയവരായി ചിത്രീകരിച്ച് കേരള സമൂഹത്തെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയാണ് തല്‍പ്പരകക്ഷികള്‍.

കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഒന്നാംക്ളാസില്‍ 3,57,322 കുട്ടികളുണ്ടായിരുന്നു. അവരാണ് ഈ വര്‍ഷം രണ്ടാംക്ളാസിലെത്തിയത്. രണ്ടാംക്ളാസില്‍ ഇപ്പോള്‍ 3,67,883 കുട്ടികളുണ്ട്. കഴിഞ്ഞ വര്‍ഷം ഒന്നാംക്ളാസിലുണ്ടായിരുന്ന ഒരു കുട്ടിയും കൊഴിഞ്ഞുപോയില്ലെന്നു മാത്രമല്ല രണ്ടാംക്ളാസില്‍ 10,561 കുട്ടികള്‍ കൂടുതലാണ്. നാലാംക്ളാസില്‍ കഴിഞ്ഞ വര്‍ഷം 4,39,061 കുട്ടികളുണ്ടായിരുന്നെങ്കില്‍ ഈ വര്‍ഷം അഞ്ചാംക്ളാസില്‍ 4,53,142 കുട്ടികളുണ്ട്. ഇത് 4,091 കൂടുതലാണ്. ഏഴാംക്ളാസില്‍ കഴിഞ്ഞ വര്‍ഷം 4,94,105 കുട്ടികളുണ്ടായിരുന്നെങ്കില്‍ ഈ വര്‍ഷം എട്ടാംക്ളാസ്സില്‍ 4,94,767 കുട്ടികളുണ്ട്. എട്ട്, ഒമ്പത് ക്ളാസുകളില്‍ നിന്നുള്ള മുഴുവന്‍ കുട്ടികളും ഒമ്പതാംതരത്തിലും പത്താംതരത്തിലും എത്താത്തതിനു കാരണം ചെറിയതോതിലുള്ള തോല്‍വിയാണ്. ഈ കുട്ടികളത്രയും അതേ ക്ളാസുകളില്‍ ഇപ്പോഴും പഠിക്കുന്നുണ്ടെന്ന് കണക്കുകളില്‍നിന്ന് കാണാവുന്നതാണ്. കഴിഞ്ഞ വര്‍ഷം എട്ടിലും ഒമ്പതിലും ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ അതേ ക്ളാസില്‍ ഈ വര്‍ഷം പഠിക്കുന്നുണ്ട്.

ഈ കണക്ക്, കേരള പാഠ്യപദ്ധതി സ്വീകരിച്ച ഗവമെന്റ് സ്കൂളുകള്‍ക്കും, എയ്ഡഡ് സ്കൂളുകള്‍ക്കും, അ-എയ്ഡഡ് സ്കൂളുകള്‍ക്കും ബാധകമാണ്. കേരളാസിലബസ് ഉപേക്ഷിച്ച് സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുള്ള സ്കൂളുകളിലേക്ക് കുട്ടികള്‍ വന്‍തോതില്‍ കുടിയേറുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുകളില്‍ സൂചിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ചെറിയതോതില്‍ തിരിച്ചൊഴുക്കുണ്ടെന്നതും വ്യക്തമാണ്.

ഈ വര്‍ഷം സിബിഎസ്ഇ, പത്താംതരം പരീക്ഷ പാസായ കുട്ടികള്‍ക്ക് കേരളാ ഹയര്‍സെക്കന്‍ഡറിയിലേക്കു കടന്നുവരാന്‍ അവസരം നിഷേധിച്ചെന്നു മുറവിളികൂട്ടുന്നവര്‍ തന്നെയാണ് മറുഭാഗത്ത് കേരളപാഠ്യപദ്ധതി മോശമാണെന്ന് പ്രചരിപ്പിക്കുന്നത്. അഖിലേന്ത്യാ നിലവാരത്തേക്കാള്‍ മികച്ചുനില്‍ക്കുന്ന പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരീക്ഷാ രീതിയുമാണ് കേരളത്തിലുള്ളത്. പാഠ്യപദ്ധതി സമീപനം, തുടര്‍മൂല്യനിര്‍ണയരീതി, പരീക്ഷകളുടെ അമിതപ്രാധാന്യം കുറയ്ക്കല്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം തുടങ്ങി മിക്ക കാര്യങ്ങളിലും കേന്ദ്ര മാനവവിഭവശേഷി വകുപ്പും ഡോ. കപില്‍സിബലും മാതൃകയാക്കുന്നത് കേരളത്തെയാണ്. ലോകത്തിനുതന്നെ മാതൃകയാവുന്നവിധം പത്താംതരം പരീക്ഷ ചിട്ടയായി നടത്താനും വിവരസാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി ഈ വര്‍ഷത്തെ പരീക്ഷഫലം മെയ് മൂന്നിനുതന്നെ പ്രസിദ്ധീകരിക്കാനും കേരളത്തിനു കഴിഞ്ഞു. എന്നാല്‍, ഒരു മാസം വൈകിയാണ് സിബിഎസ്ഇ ഫലം പ്രസിദ്ധീകരിച്ചത്.

നമ്മുടെ കുട്ടികള്‍ ഏകജാലകത്തിലൂടെ മെറിറ്റും സംവരണവും അനുസരിച്ച് പ്ളസ് വണ്‍ പ്രവേശനം നേടിയപ്പോള്‍, അവസരം ചോദിച്ച് സിബിഎസ്ഇ കുട്ടികള്‍ പുറത്തു നില്‍ക്കുകയാണ്. വിദ്യാഭ്യാസത്തെ മറ്റെന്തിനേക്കാളും പ്രാധാന്യത്തോടെ കാണുന്ന കേരളജനത ഈ വസ്തുതകള്‍ സൂക്ഷ്മമായി തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളാസിലബസില്‍ പഠിച്ച കുട്ടികള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി എന്‍ട്രന്‍സ് പരീക്ഷകളില്‍ നേടുന്ന മികച്ച വിജയവും കേരളത്തിലെ മധ്യവര്‍ഗത്തിന്റെ കണ്ണു തുറപ്പിച്ചിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ രംഗത്തെ ഈ നേട്ടങ്ങളെ തമസ്കരിക്കാനാണ് കച്ചവടശക്തികള്‍ കള്ളപ്രചാരണവുമായി രംഗത്തു വന്നിരിക്കുന്നത്. കേരളത്തില്‍ ഒന്നാംതരം പ്രവേശനത്തില്‍ ക്രമാനുഗതമായ കുറവുണ്ടാവുന്നു എന്നത് വസ്തുതയാണ്. ഈ വര്‍ഷം ഒന്നാംതരം പ്രവേശനത്തില്‍ 19,963 ന്റെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇത് 15,285 ആയിരുന്നു. ഈ കുറവിനു മുഖ്യകാരണം ജനനനിരക്കിലുള്ള കുറവാണ്.

1990ല്‍ കേരളത്തില്‍ സ്കൂള്‍പ്രായത്തിലുള്ള 60 ലക്ഷം കുട്ടികളുണ്ടായിരുന്നെങ്കില്‍ ഇന്നത് 49 ലക്ഷത്തില്‍ താഴെയാണ്. ഈ കുറവ് ഒന്നാംതരത്തില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തിലും പ്രകടമാണ്. കേരളത്തിലെ 39,77,488 (83 ശതമാനം) കുട്ടികള്‍ ഗവമെന്റ് സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലുമാണ് പഠിക്കുന്നത്. 3,65,109 (8 ശതമാനം) കുട്ടികള്‍ കേരളാസിലബസുള്ള അണ്‍എയ്ഡഡ് സ്കൂളുകളിലും 4,43,920 (9 ശതമാനം) വിദ്യാര്‍ഥികള്‍ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുള്ള അണ്‍എയ്ഡഡ് സ്കൂളുകളിലും പഠിക്കുന്നുണ്ട്. മഹാഭൂരിപക്ഷം പേരും ആശ്രയിക്കുന്നത് പൊതുവിദ്യാഭ്യാസ മേഖലയെത്തന്നെയാണ്.

സ്വന്തം കച്ചവടതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേരളത്തിലെ അണ്‍എയ്ഡഡ് മേഖല ജാതി-മതവിശ്വാസംകൂടി പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. എല്ലാ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കും മത-സാമുദായിക മേല്‍വിലാസമുണ്ട്. കേന്ദ്രസിലബസും മതപഠനവും വിഭാഗീയതയും കൂട്ടിക്കലര്‍ത്തിയ മിശ്രിതമാണ് ഇത്തരം സ്കൂളുകളിലെ പാഠ്യപദ്ധതി. മത-സാമുദായിക വിഭാഗങ്ങള്‍ക്കെല്ലാം പ്രത്യേകം പ്രത്യേകം സ്കൂളുകളുണ്ട്. രാവിലെ എട്ടു മണിക്കു മുമ്പുതന്നെ മുസ്ളിംബസും ഹിന്ദുബസും ക്രിസ്ത്യന്‍ബസും വന്ന് കുട്ടികളെ തരംതിരിച്ച് പെറുക്കിക്കൊണ്ടുപോവുന്നു. ‘ഇന്ത്യയുടെ ഭാവിഭാഗധേയം വാര്‍ത്തെടുക്കുന്നത് ക്ളാസ് മുറികളില്‍ വച്ചാണെന്നാണ് കോത്താരികമീഷന്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പു പറഞ്ഞത്. ഇത്തരം അണ്‍എയ്ഡഡ് ക്ളാസ് മുറികളില്‍ വാര്‍ത്തെടുക്കപ്പെടുന്ന ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടേണ്ട സന്ദര്‍ഭമാണിത്. ഈ ഉല്‍ക്കണ്ഠയെ മയക്കിക്കിടത്താനും, വിദ്യാഭ്യാസക്കച്ചവടത്തെ ശക്തിപ്പെടുത്താനുമാണ് പൊതുവിദ്യാഭ്യാസമേഖലയില്‍നിന്ന് കുട്ടികള്‍ കൊഴിഞ്ഞുപോവുന്നുവെന്ന പ്രീ-പെയ്ഡ് പ്രചാരണം.

കടപ്പാട്:-ദേശാഭിമാനി

No comments:

Post a Comment